Friday, March 10, 2017

പുസ്തകം 10 : ഏകാന്തതയുടെ നൂറു വർഷങ്ങൾ - ഗബ്രിയൽ ഗാർസിയ മാർകേസ്

പുസ്തകങ്ങൾ വായിക്കാൻ പല രീതികളുണ്ട്. ചില പുസ്തകങ്ങൾ പെട്ടെന്ന് വായിച്ചു  തീർക്കാം . വായിക്കുന്ന സമയത്ത് അവ നമ്മെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ഒക്കെ ചെയ്യും. എന്നാൽ വായന കഴിയുന്നതോടെ ഉപബോധ മനസ്സിലിന്റെ മറവിയിൽ എവിടേക്കോ ആ കഥാപാത്രങ്ങൾ മുങ്ങിപ്പോകുന്നു, എന്നാൽ  ചില പുസ്തകങ്ങൾ നമ്മൾ വായിക്കുകയല്ല , മറിച്ച് ആ കഥയോടും കഥാപാത്രങ്ങളോടും ഒപ്പം ജീവിക്കുകയാണ്. ഇത്തരം പുസ്തകങ്ങൾ വായിക്കാൻ വളരെയേറെ സമയം വേണ്ടി വന്നേക്കാം. കുറച്ച് നേരത്തേക്കെങ്കിലും നമ്മൾ നമ്മുടെ ജീവിതത്തിൽ നിന്നും പുറത്തു കടന്നു ആ നോവലിലെ കഥാപാത്രങ്ങളിലേയ്ക്ക് പരകായ പ്രവേശം ചെയ്യുന്നു. അത്തരത്തിൽ ഒരു നോവലാണ് ഗബ്രിയൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ. ഞാൻ ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ One Hundred Years of Solitude ആണ് വായിച്ചത്.

 ഗാബോ എന്ന ഓമനപ്പേ രിൽ  ലോകത്തെ സാഹിത്യആസ്വാദകരാൽ ആരാധിക്കപ്പെടുന്ന മാർകേസിന്റെ ഏറ്റവും  മികച്ചതെന്ന് പൊതുവെ കരുതപ്പെടുന്ന  നോവലാണിത്. ആദ്യത്തെ പേജിൽ തന്നെ വായനക്കാരെ അടിമയാക്കുന്ന ആഖ്യാന ശൈലി. മോക്കണ്ടോ എന്ന ചെറു ഗ്രാമവും അവിടുത്തെ ആദിമ കുടിയേറ്റക്കാരും  അവരുടെ പിൻ തലമുറക്കാരുമാണ്  നോവലിന്റെ പ്രതിപാദ്യ വിഷയം. ബൂണ്ടിയ  കുടുംബത്തിലെ ഏഴ്  തലമുറകളുടെ കഥ ജോസ് ആർക്കേഡിയോ ബൂണ്ടിയയിൽ  ആരംഭിക്കുന്നു. സ്പെയിനിലെ റിയോഹച്ചയിൽ നിന്നും സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം പുതിയ വാസസ്ഥലം  തേടി ജോസ് ആർക്കേഡിയോ ബൂണ്ടിയയും ഭാര്യ ഉർസുല യാത്ര തുടങ്ങുന്നു കൂടെ  കുറച്ച് ഗ്രാമവാസികളും.

പുഴയുടെ തീരത്ത് മൊക്കണ്ടോ  എന്നൊരു ചെറു ഗ്രാമം സ്ഥാപിച്ച് അവിടെ വാസം തുടങ്ങുന്ന ബൂണ്ടിയയും മറ്റുള്ളവരും പുറം ലോകവുമായി കാര്യമായി ബന്ധമില്ലാതെയാണ്  ജീവിക്കുന്നത്.  ഇടയ്ക്കിടെ മോക്കണ്ടോയിൽ എത്തി കുറച്ച് നാൾ താവളമടിക്കുന്ന ജിപ്സികൾ മാത്രമാണ് ആദ്യകാലത്ത് പുറം ലോകവുമായി ഗ്രാമവാസികളെ ബന്ധിപ്പിക്കുന്ന കണ്ണികൾ. അതിൽ മെൽക്വിഡസ് എന്ന വൃദ്ധൻ  ബൂണ്ടിയയുടെ   അടുത്ത സുഹൃത്തായി മാറുന്നു. ബൂണ്ടിയക്ക്  മക്കളായ  ജോസ് ആർക്കാഡിയോ, ഔറേലിയാനോ, അമരാന്റ എന്നിവരും, വളർത്തു പുത്രിയായ റബേക്കയും ചേർന്നതാണ് രണ്ടാം തലമുറ. ഇവരിലൂടെ പുരോഗമിക്കുന്ന കഥ, ബൂണ്ടിയ കുടുംബത്തിലെ ഏഴ് തലമുറകളിലൂടെ സഞ്ചരിക്കുന്നു.

ഞാൻ ആദ്യം പറഞ്ഞത് പോലെ, പെട്ടെന്ന് വായിച്ച് മുഴുമിപ്പിക്കാൻ ശ്രമിച്ചാൽ ഈ നോവലിന്റെ  പ്രഭാവം ആസ്വദിക്കാൻ കഴിഞ്ഞില്ല എന്ന് വരും. ഒരു മാസം എടുത്തതാണ് ഞാൻ ഈ നോവൽ വായിച്ചത്. ആദ്യ തലമുറയിലെ ജോസ് ആർക്കാഡിയോയുടെ  ആൽക്കെമി പരീക്ഷണങ്ങളും, രണ്ടാം ജോസ് ആർക്കാഡിയോയുടെ  അല്പ സ്വല്പം ഭ്രാന്തും, ഔറേലിയാനോയുടെ തീക്ഷ്ണ പ്രണയവും, യുദ്ധവും, റബ്ബെക്കയുടെ ദുരൂഹമായ ജീവിതവുമെല്ലാം അടുത്ത് നിന്ന് കണ്ടതു പോലെയാണ് എനിക്ക് തോന്നിയത്.

ഈ നോവലിലെ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു വ്യക്തിത്വം ഉണ്ട്. കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ നോവൽ വായിക്കുമ്പോൾ നമ്മുടെ  മുന്നിലൂടെ കടന്നു പോകുമെങ്കിലും, അതിൽ ഓരോരുത്തരെയും വേർതിരിച്ച് ഓർക്കാൻ എന്തെങ്കിലും സവിശേഷതകൾ എല്ലാവർക്കുമുണ്ട്. എന്റെ മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞ കഥാപാത്രം ബൂണ്ടിയ കുടുബത്തിന്റെ അമ്മയായ ഉർസുലയാണ്. അനേകം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഉർസുല, നോവലിലെ ഒരു നിർണായക സാന്നിധ്യമാണ്. തന്റെ വീടും മക്കളുമാണ്  അവരുടെ ലോകമെങ്കിലും അതിനേക്കാൾ എത്രയോ വലുതാണ് അവരുടെ വ്യക്തിത്വം. ബൂണ്ടിയ കുടുബത്തിൽ അല്പമെങ്കിലും യാഥാർഥ്യബോധമുള്ളതും ഉർസുലയ്ക്കാണ്. ബാക്കിയെല്ലാവരും അവരുടേതായ സ്വപ്നലോകത്താണ് ജീവിക്കുന്നത്.  ഈ  നോവലിന്റെ പ്രധാന സവിശേഷത, ഓരോ കഥാപാത്രവും അടുത്തതായി എന്ത് ചെയുമെന്നുള്ള അനിശ്ചിതാവസ്ഥയാണ്. തികച്ചും പ്രവചനാതീതമാണ് അവരുടെ ഓരോ പ്രവർത്തിയും. ചിലപ്പോൾ അത്  വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു, ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. "ഇവർക്കൊക്കെ  വട്ടാണോ?" എന്നുപോലും തോന്നിപ്പിക്കുന്നു.

മാജിക്കൽ റിയലിസം എന്ന സാഹിത്യശാഖയിൽ പെടുത്താവുന്ന കൃതിയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ. തികച്ചും സാധാരണമായ ചുറ്റുപാടുകളിൽ നീങ്ങുന്ന കഥയിൽ ഫാന്റസിയുടെ അംശങ്ങൾ വായനക്കാരൻ പോലുമറിയാതെ കലർത്തുന്നതിലാണ് മാജിക്കൽ റിയലിസം വിജയിക്കുന്നത്. അതിനുള്ള ഒരു മനോഹരമായ ഉദാഹരണമാണ് ഈ നോവൽ.

യുക്തിക്കു നിരക്കുന്ന  സംഭവങ്ങൾ ആയിരിക്കണമെന്നില്ല ഈ നോവലിൽ കാണുന്നത്. യുക്തി അന്വേഷിച്ചു പോയാൽ ഒരു എത്തും പിടിയും കിട്ടണമെന്നുമില്ല. പക്ഷെ സാങ്കല്പിക ലോകത്തിൽ ബുണ്ടിയ കുടുംബത്തോടൊപ്പം ഒരു നൂറു വര്ഷം ജീവിച്ചു തീർത്ത അനുഭവമായിരിക്കും ഈ നോവൽ തരുന്നത്.